Saturday, July 7, 2012

പരിശുദ്ധ റംസാന്‍


അതെ  ഒരുപാട് ഓഫറുകളുമായി   നമ്മുടെ  പ്രിയപ്പെട്ട  അഥിതി   പരിശുദ്ധ റംസാന്‍  നമുക്കരികിലേക്ക്  കടന്നുവരുന്നു
മാസങ്ങളുടെ  നേതാവായ  ഈ പുണ്യ മാസത്തെ നമുക്ക്  രണ്ടു  കയ്യും  നീട്ടി  സ്വീകരിക്കാം ..പുണ്യങ്ങള്‍ ചെയ്തു  നമുക്കിതിനെ
വരവേല്‍ക്കാം ..
നമ്മുടെ  അവസാനത്തെ റംസാന്‍ ആയിരിക്കും  ഇതെന്ന  വിശ്വാസത്തോടെ  നമുക്ക്  ഇബാതതുകള്‍  ചെയ്യാം 

അതോടൊപ്പം ഒരുപാടു  റംസാന്നിനെ   ആരോഗ്യത്തോടെ  സന്തോഷത്തോടെ  വരവേല്‍ക്കാന്‍ അള്ളാഹു  നമുക്ക്  തൊഫീ ഖു നല്കട്ടെ  ആമീന്‍  എന്ന് പ്രാര്‍ത്ഥിക്കാം 

നമ്മുടെ  ആമാശയത്തിനു  മാത്രമാകരുത്  വ്രതം നമ്മുടെ  കാതിനും  കണ്ണിനും  മനസ്സിനും  ശരീരത്തിലെ ഓരോ അവയവത്തിനും  നോമ്പയിരിക്കണം. 

പരിശുദ്ധ ഖുര്‍ ആനിന്റെ  വാര്‍ഷികം  കൂടിയാണ്   റംസാന്‍ .  അതുകൊണ്ട്  ഈ മാസത്തില്‍  ചുരുങ്ങിയത്  ഒരു പ്രവിസ്യമെങ്കിലും  പരിശുദ്ധ ഖുര്‍ആന്‍ മുഴുവനായി നമുക്ക്  പാരായണം ചെയ്യാം 
അതോടൊപ്പം  ഖുര്‍ ആനിലെ  നമുക്ക്  മനപാട മില്ലാത്ത ഏതെങ്കിലും  ഒരു സൂറത്ത്‌ എങ്കിലും നമുക്ക് മനപാട മാക്കം ,
അപ്പോള്‍  നമുക്ക് റംസാനില്‍ ഈഒരു  സൂറത്ത്‌  എങ്കിലും പഠിചു വെന്ന സന്തോഷം മനസ്സില്‍ ഉണ്ടാകും,
അള്ളാഹു നമുക്ക് അതിനു തോ‌ഫീ ക്ക്   നല്‍കട്ടെ ആമീന്‍

എല്ലാവര്ക്കും   റംസാന്‍ ആസംഷകള്‍ നേര്‍ന്നുകൊണ്ട് ,,,,,
        

Friday, September 30, 2011

പെങ്ങള്‍ക്ക് വന്ന കത്ത്


ജുലൈ മാസത്തിലെ ഒരു വൈകുന്നേരം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. പുറത്തു അപ്പോള്‍ മഴയും വെയിലും ഉണ്ടായിരുന്നു. കുറുക്കന്റെ കല്യാണം പോലെ.. ആ ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങളിലെ അവസാന പിരിയഡും കഴിയാറായിരിക്കുന്നു.
ഹോ...അത് ഞാന്‍ പറഞ്ഞില്ല അല്ലെ...അന്ന് ഞാന്‍ ജി എച്ച് എസ് ചെമ്മനാടില്‍ (പരവനടുക്കം) പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. എനിക്ക് ഏറെ ഇഷ്ടമായ ബയോളജി പിരിയഡായിരുന്നു അത്. സുകുമാരി ടീച്ചര്‍ തലച്ചോറിന്റെ ചിത്രം വരച്ചു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി വിവരിക്കുകയായിരുന്നു. എന്റെ ഇഷ്ട വിഷയമായിരുന്നിട്ടും എന്റെ തലച്ചോറില്‍ അത് കയറുന്നില്ലതാനും. ശനിയും, ഞായറും സ്‌കൂളിന് അവധിയാണെന്ന സന്തോഷം മനസ്സില്‍ ഉണ്ടെങ്കിലും ടീച്ചര്‍ പറയുന്നത് ഒന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
 എന്റെ മനസ്സ് ഉടനെ വീട്ടില്‍ എത്തണം. എന്നിട്ട് കാസര്‍കോട് ഗവണ്‍മെന്റ് ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന എന്റെ പ്രിയപ്പെട്ട പെങ്ങള്‍ ഖന്‍ജുമുഹാന്റെ (ഖദീജ) അടുത്തു ഭക്ഷണവുമായി ചെല്ലണം. അവിടെ നില്‍ക്കുകയും വേണം. ഏറെ ചിന്തിച്ചു കാടുകയറുന്നതിനു മുമ്പ് തന്നെ ആ ദിവസത്തെ അവസാനത്തെ ബെല്ലും അടിച്ചു. അപ്പോള്‍ സ്‌കൂളിന്റെ ഓഫീസില്‍ ചുമരില്‍ തൂങ്ങിയാടുന്ന ക്ലോക്കിലും എന്റെ കൈയ്യിലുള്ള റീക്കോ വാച്ചിലും സമയം കൃത്യം 4.30.
 ഞാന്‍ തിടുക്കത്തില്‍ കുടയും റബ്ബര്‍ കൊണ്ട് കെട്ടിയ പുസ്തകങ്ങളുമായി പുറത്തിറങ്ങി. കൂടെ എന്റെ അയല്‍വാസിയും കൂട്ടുകാരനുമായ രവിയും ഉണ്ടായിരുന്നു. എന്റെ തിരക്ക് കണ്ടു അവന്‍ ചോദിച്ചു. നിനക്ക് എന്താ ഇത്ര തിടുക്കം. ഞാന്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവനും എന്റെ കൂടെ തന്നെ പെട്ടെന്ന് വന്നു. അഞ്ചാം ക്ലാസുമുതല്‍ ഒരേ ക്ലാസില്‍ തന്നെ പഠിക്കുകയായിരുന്നു ഞങ്ങള്‍. ഒന്നിച്ചു തന്നെയാണ് സ്‌കൂളില്‍ പോകുന്നതും, വരുന്നതും.
 പരവനടുക്കത്ത് നിന്ന് കുന്നുകളും, തോടുകളും, വയലുകളും കടന്നു ഇടുങ്ങിയ നടപ്പാതയിലൂടെ പെരുമ്പളയിലെ എന്റെ വീട്ടില്‍ എത്തുമ്പോഴേക്കും എന്റെ വാച്ചില്‍ സമയം അഞ്ചുമണിയായിരുന്നു.
 എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്കു ഒന്നും കഴിച്ചിരുന്നില്ലല്ലോ. അല്ലെങ്കില്‍ തന്നെ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ്സ് വരെ പരവനടുക്കം ജി എച്ച് എസില്‍ പഠിച്ച എനിക്ക് ഒരിക്കലും ഭക്ഷണം കഴിക്കാനുള്ള ആവതുണ്ടായിരുന്നില്ലല്ലോ
. ഇന്നലെ മണ്‍ചട്ടിയില്‍ പാകം ചെയ്തു ബാക്കിയുള്ള മത്തിക്കറിയില്‍ ചോറും പരക്കി ശരിക്കും കഴിച്ചു. അന്നൊക്കെ മണ്‍ചട്ടിയില്‍ പാകം ചെയ്തുവരുന്ന ആ കറികളുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്. ഭക്ഷണം കഴിഞ്ഞു ഞാന്‍ തോട്ടത്തിലുള്ള കുളത്തില്‍ പോയി കുളിച്ചു വന്നു. കുളിച്ചു കയറുമ്പോഴേക്കും എന്റെ പ്രിയ സുഹൃത്ത് രവിയും, ദാമുവും എന്റെ അനുജന്‍ ഷാഫിയും അമീറും കുളക്കരയിലെത്തി.
എന്നും ഞങ്ങള്‍ എല്ലാവരും ഒന്നിച്ചും കളിച്ചും തൊട്ടുകളി കളിച്ചും കഴിഞ്ഞാണ് അവിടെ നിന്ന് മടങ്ങുക. എനിക്ക് പോകാനുള്ളത് കൊണ്ട് ഞാന്‍ പെട്ടെന്ന് കുളിച്ചു കയറി. അവരൊക്കെ പതിവുപോലെ കളിയിലും കുളിയിലും മുഴുകി.
അപ്പോഴേക്കും എന്റെ പ്രിയപ്പെട്ട ഉമ്മ ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള കഞ്ഞിയും മറ്റും റെഡിയാക്കിയിരുന്നു. ഞാന്‍ ഭക്ഷണമൊക്കെ ബാഗിലാക്കി അന്ന് വൈകുന്നേരം പോസ്റ്റുമാന്‍ കൊണ്ട് വന്ന അളിയന്‍ കപ്പലില്‍ നിന്നും പെങ്ങള്‍ക്കയച്ച കത്തുമായി വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടു.
 വയലുകളും തോടുകളും താണ്ടി പെരുമ്പള കടവും കടന്നു ഞാന്‍ നായന്മാര്‍മൂലയിലേക്ക് നടക്കാന്‍ തുടങ്ങി. അവിടെ നിന്ന് ബസ്സ് കയറി വേണം കാസര്‍കോട് എത്താന്‍. അപ്പോഴേക്കും എന്റെ മൂത്തമ്മാന്റെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് അളിയന്‍ ബൈക്കുമായി വന്നു 'വെറുതെ കുറെ നടക്കണ്ട പിറകില്‍ കയറിക്കോ' എന്ന് പറഞ്ഞു ബൈക്ക് നിര്‍ത്തി. എനിക്ക് വളരെയധികം സന്തോഷമായി. പത്തു മിനിറ്റ് കൊണ്ട് നായന്മാര്‍മൂലയില്‍ എത്തി. അദ്ദേഹം എന്നെ അവിടെ ഇറക്കി മറ്റൊരു വഴിക്ക് പോയി.
 ഞാന്‍ കാസര്‍കോട്ടേക്കുള്ള ബസ്സിനായി കാത്തു നിന്നു. സ്‌കൂള്‍ കുട്ടികളെ കണ്ടാല്‍ കലിയിളകിയ ഒന്ന് രണ്ടു ബസ്സുകള്‍ നിര്‍ത്തിയും നിര്‍ത്താതെയും കടന്നു പോയി. ഏറെ കാത്തിരിക്കേണ്ടി വന്നില്ല, അതാ വരുന്നു മഹബൂബ് ബസ്സ്. ഞാന്‍ അതില്‍ ചാടിക്കയറി. പിറകിലുള്ള ഒരു സീറ്റില്‍ ഇരുന്നു. പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് കാസര്‍കോട് ആശുപത്രിയില്‍ എത്തി.
 എത്തിയ ഉടനെ ഞാന്‍ പെങ്ങളോടു പറഞ്ഞു 'അളിയന്റെ കത്തുണ്ട്' എന്ന്. അപ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയും സന്തോഷവും.
പക്ഷെ
കത്ത് എടുക്കാനായി ഞാന്‍ ഭക്ഷണം കൊണ്ട് വന്ന സഞ്ചിയിലേക്ക് കയ്യിട്ടപ്പോള്‍ കത്ത് അവിടെ ഉണ്ടായിരുന്നില്ല. യാത്രയില്‍ അത് എവിടെയോ നഷ്ട്ടപ്പെട്ടു പോയി.
പെങ്ങളുടെ മുഖത്ത് ദുഖവും സങ്കടവുമൊക്കെ കണ്ടപ്പോള്‍ എനിക്ക് അത്ര വലിയ ബേജാറൊന്നും തോന്നിയില്ല. ഒരു കത്ത്, അതില്‍ എന്തിരിക്കുന്നുവെന്നായിരുന്നു എന്റെ അന്നത്തെ വിചാരം.

പക്ഷെ ഇന്ന് ഞാനറിയുന്നു ആ വേദന... ആ സങ്കടം... ആ നൊമ്പരം. കാരണം എന്റെ പ്രിയപ്പെട്ട സഖി നജ്മുന്നിസ എനിക്കയച്ച കത്ത് കിട്ടാതെ വന്നപ്പോള്‍ എനിക്കുണ്ടായ സങ്കടം. അത് പോലെ എന്റെ രണ്ടു കത്തുകള്‍ മിസ്സായപ്പോള്‍ അവള്‍ എഴുതിയ കത്തിലെ വരികളും നൊമ്പരങ്ങളും...
. സോറി .. എന്റെ പോന്നു പെങ്ങളെ സോറി. അന്ന് നിങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ സ്‌നേഹത്തിന്റെ നൊമ്പരങ്ങളും വിരഹത്തിന്റെ വേദനയും കുത്തിക്കുറിക്കാന്‍, കുട്ടികളുടെ കളിയും ചിരിയും വളര്‍ച്ചയും പരസ്പരം കൈമാറാന്‍, മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഒരു വിരുന്നു കാരനെ പോലെ 'ശിപായി' കൊണ്ട് വരുന്ന കത്ത് അല്ലാതെ ഇന്നത്തെ പോലെ മറ്റു ഒരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന ആ കാലത്ത്
ആ കത്ത് പ്രത്യേകിച്ച് നീ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ നിനക്ക് ഒരിറ്റു ആശ്വാസവും സന്തോഷവും പകരേണ്ട ആ കത്തിന്റെ വില ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഉള്‍ക്കൊള്ളുന്നു
. ഇന്ന് നീ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിന്റെ കാലില്‍ വീണു മാപ്പിരന്നേനെ.
ഏകദേശം  25 വര്‍ഷം നടന്ന  ഈ സംഭവം  ഇപ്പോഴും എപ്പോഴും മനസ്സില്‍ കാത്തു സൂക്ഷിച്ച ആ നൊമ്പരം അക്ഷരങ്ങളായ്   കോര്‍ത്തിണക്കി നമ്മുടെ  ഈ  ബ്ലോഗില്‍ ഇവിടെ കുറിച്ചിടട്ടെ..... എന്റെ സങ്കടം തീര്‍ത്തീടട്ടെ ...

ജീവിച്ചു കൊതി തീരും മുമ്പേ മരണത്തിനു കീഴടങ്ങേണ്ടി വന്ന എന്റെ പ്രിയപ്പെട്ട പെങ്ങളുടെ ഓര്‍മ്മക്കായി കണ്ണീരോടെ...

ചന്തമീ ദുനിയാവ്



ചിന്തിച്ചു നില്‍ക്കേണ്ട
ചിന്ത നീ വെടിയേണ്ട
ചന്തമീ ദുനിയാവ്
കണ്ടു മയങ്ങീടേണ്ട
നിന്റെ ചാരത്തണയും
മലക്കുല്‍ മൌത്തിനെ മറന്നീടണ്ട 
നെട്ടോട്ടമോടിയ നിന്‍ ജീവിത പുസ്തകത്തില്‍ 
കൂട്ടിയാല്‍ നിനക്കെന്ത് മിച്ചമുണ്ട്
കൂട്ടിയും കിഴിച്ചും നീ നടന്നകലുമ്പോള്‍
കൂട്ടിനുണ്ടോ നിന്റെ ബാല്യമിന്ന്
അലറുന്ന തിരമാലപോല്‍ പതയുന്ന നിന്റെ
അടങ്ങാത്ത മോഹത്തിനറുതിയുണ്ടോ
ജീവന്റെ തുടിപ്പ് നിന്നില്‍ സൗഭാഗ്യമായി
കനിഞ്ഞുള്ള റബ്ബിനെ ഓര്‍മ്മയുണ്ടോ

മാളിക തീര്‍ത്തു നീ മനസ്സ് കുളിര്‍ത്തപ്പോള്‍
മണ്ണിന്റെ തേങ്ങല്‍ നീ കേട്ടിരുന്നോ
മാടിവിളിക്കുന്ന ദുനിയാവിന്‍ ഭംഗിയില്‍
ഖബറെന്ന വീടിനെ മറന്നുപോയോ

അവളുടെ കത്തുകള്‍


JUNE 16 .. അവള്‍ എഴുതി .. ഓര്‍മ്മയുണ്ടോ ഈ ദിവസം ?
15 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഒരു ജൂണ്‍ 16 നെ കുറിച്ചാണ് അവള്‍
ഒര്മിപ്പിചിരിക്കുന്നത്.
സോറി , അവള്‍ ആരാണെന്ന് ഞാന്‍ പറഞ്ഞില്ല അല്ലെ ?അവള്‍ ... അതെ മറ്റാരുമല്ല എന്റെ പ്രിയ സഖി നജ്മുന്നിസ്സ ! എന്റെ നല്ല പാതി 15വര്‍ഷത്തെ എന്റെ ജീവിത യാത്രയില്‍ എന്റെ കൂടെ താങ്ങും തണലുമായി നിന്നവള്‍ എന്റെ ജീവന്റെ ജീവന്‍. എന്റെ പ്രിയപ്പെട്ട മക്കളുടെ വാല്‍സല്യ നിധിയായ ഉമ്മ. എന്റെ പൂ മുഖ വാതില്‍ക്കല്‍ സ്നേഹം വിടര്‍ത്തുന്ന....
ഞാന്‍ അവളെ കുറിച്ച് എഴുതി ഫോറസ്റ്റ്‌ കയറിയപ്പോള്‍
അവള്‍ എന്താണ് എഴുതിയത് എന്ന് പറഞ്ഞില്ല .. അല്ലെ ...
അതെ, അവള്‍ എഴുതി ..15 വര്‍ഷമായി ഞാന്‍ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നിട്ട് .ഈ 15 വര്‍ഷത്തില്‍ എട്ടു പ്രാവശ്യം നിങ്ങള്‍ നാട്ടില്‍ വന്നു.അല്ല പരോളില്‍ ഇറങ്ങി . രണ്ടു മാസത്തെ പരോള്‍ ചിലപ്പോള്‍ മൂന്നു മാസമാക്കിയിട്ടു തിരിച്ചുപോയി. വിരഹത്തിന്റെ വേദന ഞാനും നിങ്ങളും വേണ്ടുവോളം നുകര്‍ന്നു. അക്ഷരങ്ങളിലൂടെ വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ നൊമ്പരങ്ങളും പരസ്പരം കൈമാറി. ആ അക്ഷരങ്ങളിലൂടെ
നിങ്ങള്‍ക്കെന്നോടുള്ള സ്നേഹം ശരിക്കും മനസ്സിലാക്കി. സ്നേഹത്തിന്റെ
അക്ഷര മാലകള്‍ കോര്‍ത്തിണക്കി നിങ്ങള്‍എന്നെ ഊട്ടിയപ്പോള്‍അക്ഷരങ്ങളിലൂടെ കൂടുതല്‍ സ്നേഹം എന്റെ ഖല്ബിലെത്തി.
ഇന്ന്നു ഇന്റര്‍നേടും മൊബൈലും സജീവമായപ്പോഴും അതിലൂടെയുംനിങ്ങള്‍ സ്നേഹം വിളമ്പാന്‍ മടികാണിച്ചില്ല.എഴുത്തില്‍ പിശുക്ക് കാണിച്ചു കത്തുകളുടെ പേജിന്റെ എണ്ണം കുറക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇപ്പോഴും ഞമ്മള്‍ പരസ്പരം കത്തുകള്‍ കൈമാറുന്നു എന്നത് തമാശയായും പുതുമയായും
പലര്‍ക്കും തോന്നാം.കൊച്ചു കൊച്ചു തമാശകളും വര്‍ത്തമാനങ്ങളും കൊണ്ട് സമ്പന്നമാകുന്ന നിങ്ങളുടെ കുറിമാനങ്ങള്‍ , അതില്‍ ഒളിഞ്ഞിരിക്കുന്ന സ്നേഹം , അത് വായിക്കുമ്പോള്‍ കിട്ടുന്ന സുഖം, അതൊന്നും ഈ അക്ഷരങ്ങളില്‍ഒതുങ്ങില്ല മുത്തെ...
നമ്മുടെ നാട്ടിലെ കത്ത്ശിപായി ഈ ഭാഗത്ത് വരുന്നത് അപൂര്‍വമാണെങ്കിലും അവിടെ നിന്ന് നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളും വരുമ്പോള്‍ ഞാന്‍ കത്തിനായി പ്രതീക്ഷിക്കും.മാസത്തില്‍ രണ്ടുമൂന്നു കത്ത് എനിക്ക് അങ്ങിനെയും കിട്ടാറുണ്ട്.കത്ത് കയ്യില്‍ കിട്ടിയാല്‍ ആദ്യം കവറിന്റെ കനമാണ് നോക്കാറ്.കവറിനുള്ളില്‍ കൂടുതല്‍ കടലാസുകള്‍ ഉണ്ടാവട്ടെ എന്നാ പ്രതീക്ഷയോടെയാണ് കത്ത് പൊട്ടിക്കാറ് . നിങ്ങള്‍ അതില്‍ പിശുക്ക് കാട്ടാതിരിക്കുമ്പോള്‍ എന്റെ മനസ്സ് കുളിര്‍ക്കുന്നു. നിങ്ങളുടെ ഓരോ എഴുത്തും എനിക്ക് വളരെ വിലപ്പെട്ടതാകുന്നു.അത് എനിക്ക് കാത്തിരിക്കാനും ജീവിക്കാനും പ്രത്യാശ നല്‍കുന്നു .എന്റെമനസ്സിന്റെനൊമ്പരങ്ങള്‍അത് ഇല്ലാതാക്കുന്നു.ഞാന്‍ അതുമിതും എഴുതി ബോറടിപ്പിച്ചുവോ ?
പിന്നെ പ്രധാനപ്പെട്ട ഒരു കാര്യം കുറിക്കട്ടെ ... വായിച്ചു ഞെട്ടരുത് .
നമ്മുടെ ഈ 15 വര്‍ഷത്തെ ജീവിതത്തിനിടയില്‍ നമ്മള്‍ ഒന്നിച്ചു ജീവിച്ചത്വെറും 695 ദിവസം മാത്രം. അതായതു ഒരു വര്‍ഷവും പതിനൊന്നു മാസവും. എന്റെ ചങ്ങാതി ഹസീനയുമായി ഈ ദുഃഖം പരസ്പരം പങ്കുവെച്ചപ്പോള്‍ അവള്‍ പറഞ്ഞു ,
അവളുടെ കല്യാണം കഴിഞ്ഞിട്ട് 18 വര്‍ഷമായി . അവര്‍ ഒന്നിച്ചു ജീവിച്ചത് 20 മാസം മാത്രമത്രേ. അങ്ങിനെ അവളെയും എന്നെയും പോലെ എത്രയെത്ര ഗള്‍ഫു ഭാര്യമാര്‍...?
അവള്‍ പിന്നെയും എഴുതി കുറെ നാട്ടു വര്‍ത്തമാനങ്ങളും വീട്ടു
വര്‍ത്തമാനങ്ങളും. പിന്നെ നിങ്ങളുടെ അനുജന്‍ വീണ്ടും ഉപ്പയാകാന്‍ പോകുന്ന കാര്യം ഞാന്‍ സൂചിപ്പിച്ചിരുന്നുവല്ലോ . അടുത്തമാസം അവളുടെ ഡെലിവറിയാണ്. ഗവന്മേന്റ്റ്‌ ആശുപത്രിയില്‍ പോകാന്‍ പേടിയാവുകയാണത്രെ. കാരണം ഇപ്പോള്‍ആവശ്യത്തിനും അനാവശ്യത്തിനും ഒക്കെ സിസേറിയന്‍ എന്നാണു പത്രകോളങ്ങളും
ടീവി ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.ഇപ്പോള്‍ ഡോക്ടറുടെയും
ആശുപത്രി ജീവനക്കാരുടെയും സമയവും സൌകര്യവും നോക്കിയാണത്രെ സിസേറിയന്‍.
കോടികളുടെ അഴിമതിയെക്കുറിച്ചും ആപ്പിള്‍തട്ടിപ്പിനെക്കുറിച്ചും അവള്‍ എഴുതാതിരുന്നില്ല. ഇപ്പോള്‍ ആപ്പിളിന് നല്ല കാലമാണെന്നു തോന്നുന്നു. പത്രങ്ങളൊക്കെ ആപ്പിളിനെക്കുറിച്ചും അത് തിന്നു ആപ്പില്‍ ആയവനെക്കുറിച്ചുമൊക്കെ വാര്‍ത്തകളാക്കുന്നു. മുറ്റത്ത് ചക്കയും മാങ്ങയുമൊക്കെ സുലഭമായി ലഭിക്കുമ്പോഴും നമുക്ക് സായിപ്പിന്റെ ആപ്പിളിനോടാണല്ലോ പ്രേമം. അല്ലെങ്കില്‍ തന്നെ ഈ ആപ്പിള്‍ ഒരു വില്ലന്‍ തന്നെ.ആദ്യപിതാവ്സ്വര്‍ഗത്തില്‍ നിന്നു പുറത്തു പോയതും ആപ്പിള്‍ മൂലമാണല്ലോ. അടുത്തുതന്നെ മാങ്ഗോ തട്ടിപ്പും ഓറഞ്ചു തട്ടിപ്പും പുറത്തു വരുമോ ? അതിന്റെ കൂടെ മണിചെയിനും തട്ടിപ്പുകള്‍ വേറെയും. അരഞ്ഞാണം
തട്ടിപ്പും മാല തട്ടിപ്പും ഉടനെ പ്രതീക്ഷിക്കാം ...അല്ലെ ?
പിന്നെ കോടികളുടെ കോഴയും കുമ്പകോണവും നമ്മുടെ സമൂഹത്തെ കാര്‍ന്നു തിന്നുന്ന അര്‍ബുദ രോഗങ്ങളായിരിക്കുന്നു. ഇതിനെതിരെ നിരാഹാരവും സമരവും നടത്തുന്നവര്‍ രണ്ടു കോടി രൂപയുടെ പന്തല്‍ ഒരുക്കി ഇരുപതോളം കോടി രൂപ
ചിലവാക്കുന്നു....?
പിന്നെ ഇവിടെ നല്ല മഴയാണ്.മഴ നിങ്ങള്ക്ക് എന്നും ഒരു
ആവേശമാണല്ലോ.നമ്മുടെ വീടിന്റെ വരാന്തയില്‍ ഇരുന്നു മഴയുടെ സൗന്ദര്യം നുകരുന്ന നിങ്ങളുടെ രൂപം മനസ്സില്‍ തെളിയുന്നു. നമ്മുടെ തോട്ടത്തിലെ കുളങ്ങളും തോടുകളും നിറഞ്ഞൊഴുകുകയാണ്. നമ്മുടെ കുട്ടികളും അനുജന്മാരുടെകുട്ടികളും നിങ്ങള്‍ വരുന്നതും കാത്തിരിക്കുകയാണ്.കുളത്തില്‍ പോയി
നീന്തിക്കുളിക്കുവാനും തോട്ടില്‍ നിന്ന് മീന്‍ പിടിച്ചു ഹോര്‍ലിക്സ്
കുപ്പിയുടെ അക്വേറിയത്തില്‍ സൂക്ഷിക്കാനും.
പിന്നെ ഞാന്‍ ഒരു കല്യാണത്തിനു പോയ കാര്യം പറഞ്ഞിരുന്നല്ലോ, ഒരുപാട്കാശ് ചിലവാക്കി കഴിച്ച ആ കല്യാണത്തിനു ബുഫെ സ്റ്റൈല്‍ ആയിരുന്നു. ക്ഷണം സ്വീകരിച്ചു വരുന്ന അതിഥികളെ സ്നേഹപൂര്‍വം സ്വീകരിച്ചു വേണ്ടുവോളം വിളമ്പിക്കൊടുത്തു പരിചരിക്കുന്നതിനു പകരം ഇരിക്കാന്‍ സീറ്റില്ലാതെ നിന്നും നടന്നും ആടുകളെപ്പോലെ വാരി തിന്നാന്‍ ക്യൂ നില്‍ക്കേണ്ടി വരുന്ന അവസ്ഥ കണ്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി.
എന്തൊക്കെയോ എഴുതി കടലാസ് നിറഞ്ഞതും സമയം
പോയതുമറിഞ്ഞില്ല. ഞാന്‍ ഇവിടെ മതപഠന ക്ലാസ്സിനു പോകുന്ന കാര്യം പറഞ്ഞിരുന്നല്ലോ. അതിനെക്കുറിച്ചൊക്കെ അടുത്ത കത്തില്‍ എഴുതാം
.തല്‍ക്കാലം നിര്‍ത്തട്ടെ.എത്രയും പെട്ടന്ന് മുഖതാവില്‍ കാണാന്‍ അല്ലാഹു തൗഫീഖ്‌ നല്‍കട്ടെ ... ആമീന്‍ എന്നാ പ്
രാര്‍ഥനയോടെ ആ നല്ല നാളുകള്‍ കിനാവ്‌ കണ്ടുകൊണ്ട്...

നിങ്ങളുടെ സ്വന്തംപ്രിയതമ

Friday, May 20, 2011

നീയല്ലാതെ

തിരിയുന്ന  ഗോളത്തില്‍ 
തീരങ്ങള്‍ കാണാതെ 
തുഴയുന്നു  ഞാന്‍  എന്നെ 
തീര്‍ത്ത നാഥാ 
അണപൊട്ടി ഒഴുകുന്ന 
ദുഖത്തിന്‍ തണലേകാന്‍ 
നീയല്ലാതെ എനിക്കില്ല നാഥാ