ജുലൈ മാസത്തിലെ ഒരു വൈകുന്നേരം. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു. പുറത്തു അപ്പോള്‍ മഴയും വെയിലും ഉണ്ടായിരുന്നു. കുറുക്കന്റെ കല്യാണം പോലെ.. ആ ആഴ്ചയിലെ പ്രവര്‍ത്തി ദിവസങ്ങളിലെ അവസാന പിരിയഡും കഴിയാറായിരിക്കുന്നു.
ഹോ...അത് ഞാന്‍ പറഞ്ഞില്ല അല്ലെ...അന്ന് ഞാന്‍ ജി എച്ച് എസ് ചെമ്മനാടില്‍ (പരവനടുക്കം) പത്താം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. എനിക്ക് ഏറെ ഇഷ്ടമായ ബയോളജി പിരിയഡായിരുന്നു അത്. സുകുമാരി ടീച്ചര്‍ തലച്ചോറിന്റെ ചിത്രം വരച്ചു തലച്ചോറിന്റെ പ്രവര്‍ത്തനത്തെ കുറിച്ച് വിശദമായി വിവരിക്കുകയായിരുന്നു. എന്റെ ഇഷ്ട വിഷയമായിരുന്നിട്ടും എന്റെ തലച്ചോറില്‍ അത് കയറുന്നില്ലതാനും. ശനിയും, ഞായറും സ്കൂളിന് അവധിയാണെന്ന സന്തോഷം മനസ്സില്‍ ഉണ്ടെങ്കിലും ടീച്ചര്‍ പറയുന്നത് ഒന്നും ഉള്‍ക്കൊള്ളാന്‍ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.
എന്റെ മനസ്സ് ഉടനെ വീട്ടില്‍ എത്തണം. എന്നിട്ട് കാസര്‍കോട് ഗവണ്മെന്റ് ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുന്ന എന്റെ പ്രിയപ്പെട്ട പെങ്ങള് ഖന്‍ജുമുഹാന്റെ (ഖദീജ) അടുത്തു ഭക്ഷണവുമായി ചെല്ലണം. അവിടെ നില്‍ക്കുകയും വേണം. ഏറെ ചിന്തിച്ചു കാടുകയറുന്നതിനു മുമ്പ് തന്നെ ആ ദിവസത്തെ അവസാനത്തെ ബെല്ലും അടിച്ചു. അപ്പോള്‍ സ്കൂളിന്റെ ഓഫീസില്‍ ചുമരില്‍ തൂങ്ങിയാടുന്ന ക്ലോക്കിലും എന്റെ കൈയ്യിലുള്ള റീക്കോ വാച്ചിലും സമയം കൃത്യം 4.30.
ഞാന്‍ തിടുക്കത്തില്‍ കുടയും റബ്ബര്‍ കൊണ്ട് കെട്ടിയ പുസ്തകങ്ങളുമായി പുറത്തിറങ്ങി. കൂടെ എന്റെ അയല്‍വാസിയും കൂട്ടുകാരനുമായ രവിയും ഉണ്ടായിരുന്നു. എന്റെ തിരക്ക് കണ്ടു അവന് ചോദിച്ചു. നിനക്ക് എന്താ ഇത്ര തിടുക്കം. ഞാന്‍ വിവരങ്ങള്‍ പറഞ്ഞപ്പോള്‍ അവനും എന്റെ കൂടെ തന്നെ പെട്ടെന്ന് വന്നു. അഞ്ചാം ക്ലാസുമുതല്‍ ഒരേ ക്ലാസില്‍ തന്നെ പഠിക്കുകയായിരുന്നു ഞങ്ങള്‍. ഒന്നിച്ചു തന്നെയാണ് സ്കൂളില്‍ പോകുന്നതും, വരുന്നതും.
പരവനടുക്കത്ത് നിന്ന് കുന്നുകളും, തോടുകളും, വയലുകളും കടന്നു ഇടുങ്ങിയ നടപ്പാതയിലൂടെ പെരുമ്പളയിലെ എന്റെ വീട്ടില്‍ എത്തുമ്പോഴേക്കും എന്റെ വാച്ചില്‍ സമയം അഞ്ചുമണിയായിരുന്നു.
എനിക്ക് നല്ല വിശപ്പുണ്ടായിരുന്നു. ഉച്ചയ്ക്കു ഒന്നും കഴിച്ചിരുന്നില്ലല്ലോ. അല്ലെങ്കില്‍ തന്നെ അഞ്ചാം ക്ലാസു മുതല്‍ പത്താം ക്ലാസ്സ് വരെ പരവനടുക്കം ജി എച്ച് എസില്‍ പഠിച്ച എനിക്ക് ഒരിക്കലും ഭക്ഷണം കഴിക്കാനുള്ള ആവതുണ്ടായിരുന്നില്ലല്ലോ
. ഇന്നലെ മണ്‍ചട്ടിയില്‍ പാകം ചെയ്തു ബാക്കിയുള്ള മത്തിക്കറിയില്‍ ചോറും പരക്കി ശരിക്കും കഴിച്ചു. അന്നൊക്കെ മണ്‍ചട്ടിയില്‍ പാകം ചെയ്തുവരുന്ന ആ കറികളുടെ സ്വാദ് ഒന്നുവേറെ തന്നെയാണ്. ഭക്ഷണം കഴിഞ്ഞു ഞാന്‍ തോട്ടത്തിലുള്ള കുളത്തില്‍ പോയി കുളിച്ചു വന്നു. കുളിച്ചു കയറുമ്പോഴേക്കും എന്റെ പ്രിയ സുഹൃത്ത് രവിയും, ദാമുവും എന്റെ അനുജന് ഷാഫിയും അമീറും കുളക്കരയിലെത്തി.
എന്നും ഞങ്ങള്‍ എല്ലാവരും ഒന്നിച്ചും കളിച്ചും തൊട്ടുകളി കളിച്ചും കഴിഞ്ഞാണ് അവിടെ നിന്ന് മടങ്ങുക. എനിക്ക് പോകാനുള്ളത് കൊണ്ട് ഞാന്‍ പെട്ടെന്ന് കുളിച്ചു കയറി. അവരൊക്കെ പതിവുപോലെ കളിയിലും കുളിയിലും മുഴുകി.
അപ്പോഴേക്കും എന്റെ പ്രിയപ്പെട്ട ഉമ്മ ആശുപത്രിയില്‍ കൊണ്ടു പോകാനുള്ള കഞ്ഞിയും മറ്റും റെഡിയാക്കിയിരുന്നു. ഞാന്‍ ഭക്ഷണമൊക്കെ ബാഗിലാക്കി അന്ന് വൈകുന്നേരം പോസ്റ്റുമാന് കൊണ്ട് വന്ന അളിയന് കപ്പലില്‍ നിന്നും പെങ്ങള്‍ക്കയച്ച കത്തുമായി വീട്ടില്‍ നിന്നും ആശുപത്രിയിലേക്ക് പുറപ്പെട്ടു.
വയലുകളും തോടുകളും താണ്ടി പെരുമ്പള കടവും കടന്നു ഞാന്‍ നായന്മാര്‍മൂലയിലേക്ക് നടക്കാന്‍ തുടങ്ങി. അവിടെ നിന്ന് ബസ്സ് കയറി വേണം കാസര്‍കോട് എത്താന്‍. അപ്പോഴേക്കും എന്റെ മൂത്തമ്മാന്റെ മകളുടെ ഭര്‍ത്താവ് മുഹമ്മദ് അളിയന് ബൈക്കുമായി വന്നു 'വെറുതെ കുറെ നടക്കണ്ട പിറകില്‍ കയറിക്കോ' എന്ന് പറഞ്ഞു ബൈക്ക് നിര്‍ത്തി. എനിക്ക് വളരെയധികം സന്തോഷമായി. പത്തു മിനിറ്റ് കൊണ്ട് നായന്മാര്മൂലയില് എത്തി. അദ്ദേഹം എന്നെ അവിടെ ഇറക്കി മറ്റൊരു വഴിക്ക് പോയി.
ഞാന്‍ കാസര്‍കോട്ടേക്കുള്ള ബസ്സിനായി കാത്തു നിന്നു. സ്കൂള്‍ കുട്ടികളെ കണ്ടാല്‍ കലിയിളകിയ ഒന്ന് രണ്ടു ബസ്സുകള്‍ നിര്‍ത്തിയും നിര്‍ത്താതെയും കടന്നു പോയി. ഏറെ കാത്തിരിക്കേണ്ടി വന്നില്ല, അതാ വരുന്നു മഹബൂബ് ബസ്സ്. ഞാന്‍ അതില്‍ ചാടിക്കയറി. പിറകിലുള്ള ഒരു സീറ്റില്‍ ഇരുന്നു. പത്ത് പതിനഞ്ചു മിനിറ്റ് കൊണ്ട് കാസര്‍കോട് ആശുപത്രിയില്‍ എത്തി.
എത്തിയ ഉടനെ ഞാന്‍ പെങ്ങളോടു പറഞ്ഞു 'അളിയന്റെ കത്തുണ്ട്' എന്ന്. അപ്പോള്‍ ആ മുഖത്ത് തെളിഞ്ഞ പുഞ്ചിരിയും സന്തോഷവും.
പക്ഷെ
കത്ത് എടുക്കാനായി ഞാന്‍ ഭക്ഷണം കൊണ്ട് വന്ന സഞ്ചിയിലേക്ക് കയ്യിട്ടപ്പോള്‍ കത്ത് അവിടെ ഉണ്ടായിരുന്നില്ല. യാത്രയില്‍ അത് എവിടെയോ നഷ്ട്ടപ്പെട്ടു പോയി.
പെങ്ങളുടെ മുഖത്ത് ദുഖവും സങ്കടവുമൊക്കെ കണ്ടപ്പോള്‍ എനിക്ക് അത്ര വലിയ ബേജാറൊന്നും തോന്നിയില്ല. ഒരു കത്ത്, അതില്‍ എന്തിരിക്കുന്നുവെന്നായിരുന്നു എന്റെ അന്നത്തെ വിചാരം.
പക്ഷെ ഇന്ന് ഞാനറിയുന്നു ആ വേദന... ആ സങ്കടം... ആ നൊമ്പരം. കാരണം എന്റെ പ്രിയപ്പെട്ട സഖി നജ്മുന്നിസ എനിക്കയച്ച കത്ത് കിട്ടാതെ വന്നപ്പോള്‍ എനിക്കുണ്ടായ സങ്കടം. അത് പോലെ എന്റെ രണ്ടു കത്തുകള്‍ മിസ്സായപ്പോള്‍ അവള് എഴുതിയ കത്തിലെ വരികളും നൊമ്പരങ്ങളും...
പക്ഷെ ഇന്ന് ഞാനറിയുന്നു ആ വേദന... ആ സങ്കടം... ആ നൊമ്പരം. കാരണം എന്റെ പ്രിയപ്പെട്ട സഖി നജ്മുന്നിസ എനിക്കയച്ച കത്ത് കിട്ടാതെ വന്നപ്പോള്‍ എനിക്കുണ്ടായ സങ്കടം. അത് പോലെ എന്റെ രണ്ടു കത്തുകള്‍ മിസ്സായപ്പോള്‍ അവള് എഴുതിയ കത്തിലെ വരികളും നൊമ്പരങ്ങളും...
. സോറി .. എന്റെ പോന്നു പെങ്ങളെ സോറി. അന്ന് നിങ്ങളുടെ സുഖദുഃഖങ്ങള്‍ പങ്കുവെക്കാന്‍ സ്നേഹത്തിന്റെ നൊമ്പരങ്ങളും വിരഹത്തിന്റെ വേദനയും കുത്തിക്കുറിക്കാന്‍, കുട്ടികളുടെ കളിയും ചിരിയും വളര്‍ച്ചയും പരസ്പരം കൈമാറാന്‍, മാസത്തില്‍ ഒന്നോ രണ്ടോ പ്രാവശ്യം ഒരു വിരുന്നു കാരനെ പോലെ 'ശിപായി' കൊണ്ട് വരുന്ന കത്ത് അല്ലാതെ ഇന്നത്തെ പോലെ മറ്റു ഒരു മാര്‍ഗ്ഗവും ഇല്ലാതിരുന്ന ആ കാലത്ത്
ആ കത്ത് പ്രത്യേകിച്ച് നീ ആശുപത്രിയില്‍ സുഖമില്ലാതെ കിടക്കുമ്പോള്‍ നിനക്ക് ഒരിറ്റു ആശ്വാസവും സന്തോഷവും പകരേണ്ട ആ കത്തിന്റെ വില ഇന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഉള്‍ക്കൊള്ളുന്നു
. ഇന്ന് നീ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ നിന്റെ കാലില്‍ വീണു മാപ്പിരന്നേനെ.
ഏകദേശം 25 വര്‍ഷം നടന്ന ഈ സംഭവം ഇപ്പോഴും എപ്പോഴും മനസ്സില്‍ കാത്തു സൂക്ഷിച്ച ആ നൊമ്പരം അക്ഷരങ്ങളായ് കോര്‍ത്തിണക്കി നമ്മുടെ ഈ ബ്ലോഗില്‍ ഇവിടെ കുറിച്ചിടട്ടെ..... എന്റെ സങ്കടം തീര്‍ത്തീടട്ടെ ...
ജീവിച്ചു കൊതി തീരും മുമ്പേ മരണത്തിനു കീഴടങ്ങേണ്ടി വന്ന എന്റെ പ്രിയപ്പെട്ട പെങ്ങളുടെ ഓര്‍മ്മക്കായി കണ്ണീരോടെ...
ജീവിച്ചു കൊതി തീരും മുമ്പേ മരണത്തിനു കീഴടങ്ങേണ്ടി വന്ന എന്റെ പ്രിയപ്പെട്ട പെങ്ങളുടെ ഓര്‍മ്മക്കായി കണ്ണീരോടെ...
This comment has been removed by the author.
ReplyDeleteഏതൊന്നിന്റെയും വില അറിയുന്നത് ആ അവസ്ഥയിലെത്തുമ്പോഴാണ്..
ReplyDeleteഇപ്പോഴാണ് വായിക്കുന്നത് ...വായിച്ചപ്പോള്‍ വിഷമം തോന്നി ..
ReplyDeleteപുതിയ പോസ്റ്റ് ഒന്നും ഇല്ലേ ?
പ്രിയ സുഹൃത്തേ താങ്കള്‍ മുന്‍പ് ഈ കഥ വേറെ എവിടെയോ പോസ്റ്റ് ചെയ്തത് ഞാന്‍ വായിച്ചിരുന്നു.നിസ്സാരമെന്നു കരുതുന്ന പലതും അതുമായി ബന്ധപ്പെട്ടവര്‍ മരണത്തിലേക്ക് യാത്ര തിരിച്ചാല്‍ വല്ലാത്ത നൊമ്പരം നല്‍കും.താങ്കളുടെ മനസ്സും വേദനയും അവസാന വരികളില്‍ കാണാം.
ReplyDeleteഅനുഭവങ്ങള്‍ എപ്പോഴും നൊമ്പരങ്ങള്‍ ആയിരിക്കും, ഒരിറ്റ് കണ്ണീര് വാര്‍ക്കുന്നു ഇവിടെ
ReplyDelete